ലോക ശ്രദ്ധയാകര്‍ഷിച്ച് പതിനാറുകാരിയുടെ സമരം

World

ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരെ ഒരു പതിനാറു വയസ്സുകാരി നടത്തുന്ന സമരം ആഗോള ശ്രദ്ധ നേടിയിരിക്കുകയാണിപ്പോള്‍. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ ഇടപെടല്‍ വേണമെന്നും. അത് എത്രയും അടിയന്തരമായി തന്നെ പരിഗണിക്കണമെന്നുമുള്ള ആവശ്യങ്ങളുമായാണ് ഗ്രേറ്റ എന്ന പെണ്‍കുട്ടി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നത്.

139 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സമരത്തിനാണ് സ്വീഡിഷ് വിദ്യാര്‍ഥിനിയായ ഗ്രേറ്റാ തുന്‍ബെര്‍ഗ് നേതൃത്വം നല്‍കുന്നത്. അമേരിക്കയില്‍ നിന്നു മാത്രം പത്ത് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് പുറമെ മുതിര്‍ന്നവരും രാജ്യാന്തര സംഘടനകളും സമരത്തില്‍ ഗ്രേറ്റയ്‌ക്കൊപ്പം അണിനിരക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്റെ ഭാഗമായി ഇതിനോടകം തന്നെ നടന്നു കഴിഞ്ഞിട്ടുണ്ട്. പ്രവചനാതീതമായ കാലാവസ്ഥ പ്രതിസന്ധിയെ പ്രതിരോധിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് ഗ്രേറ്റ പറയുന്നത്.

ഒരു വര്‍ഷം സ്‌കൂളില്‍ നിന്നും അവധി എടുത്താണ് പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കാനായുള്ള സമര പരിപാടിയുമായി ഗ്രേറ്റ ഇറങ്ങി തിരിച്ചത്.

ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങി വമ്പന്‍ കമ്പനികളുടെ ജീവനക്കാരും ഗ്രേറ്റയുടെ സമരത്തിന് പിന്‍തുണ പ്രകടിപ്പിച്ചു കഴിഞ്ഞു. സമരത്തില്‍ കമ്പനികളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള സ്‌കൂള്‍ പണിമുടക്കെന്ന ഗ്രേറ്റയുടെ ആശയത്തെ ലോകം മുഴുവന്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

Share this