മുല്ലപ്പള്ളിക്കിട്ട് പരോക്ഷമായി കൊട്ടി തരൂര്‍; കൊട്ട് ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപത്തില്‍

Top Stories

തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ കോണ്‍ഗ്രസിന്റെ കേരള ഘടകത്തില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന വിവാദം അങ്ങനെയൊന്നും എളുപ്പത്തില്‍ കെട്ടടങ്ങുന്ന മട്ടില്ല.
പണ്ട് മണിച്ചിത്രത്താഴില്‍ ഇന്നസെന്റ് പറഞ്ഞ ഒരു ഡയലോഗാണ് ഇവിടെ ഓര്‍മ വരുന്നത്.
തെക്കിനിയില്‍നിന്നും ഇറങ്ങിയ തമിഴത്തി അങ്ങനെയൊന്നും എളുപ്പം പോകില്ല. അത് ആരെയെങ്കിലും കൊണ്ടേ പോകൂ…

ഈ സിനിമ ഡയലോഗ് പോലെയാണ് ഓരോ ദിവസവും വിവാദങ്ങളുടെ പോക്ക് കാണുമ്പോള്‍ തോന്നുന്നത്.

മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാവില്ലെന്നു മുതിര്‍ന്ന നേതാവ് ജയറാം രമേശ് പ്രസ്താവിച്ചിരുന്നു. ഇതിനെ ശശി തരൂര്‍ എംപിയും പിന്തുണയ്ക്കുകയുണ്ടായി. എന്നാല്‍ ഇതിന്റെ പേരില്‍ തരൂരിനെതിരേ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തുവന്നു. തരൂരിനെ വിമര്‍ശിച്ച കെ.മുരളീധരന്‌ തരൂര്‍ നവമാധ്യമത്തിലൂടെ പരോക്ഷമായി ചുട്ട മറുപടിയാണ്‌ കൊടുത്തതും. ഇതേ തുടര്‍ന്നു കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യം അളക്കാന്‍ തരൂര്‍ ആയിട്ടില്ലെന്നു മുരളീധരന്‍ പറയുകയും ചെയ്തു.

ഇപ്പോള്‍ ഏറ്റവും പുതുതായി ഈ വിഷയത്തിലുണ്ടായിരിക്കുന്ന വിവാദമെന്നത് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പരോക്ഷമായി തരൂര്‍ നടത്തിയിരിക്കുന്ന ആക്രമണമാണ്.

ഒരു പത്രത്തില്‍ ഇന്ന് ( 28-8-19 ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഫേസ്ബുക്കില്‍ തരൂര്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. അതിനു മുകളില്‍ ഇംഗ്ലീഷില്‍ രണ്ട് വാചകങ്ങളും ചേര്‍ത്തിരുന്നു.

കെപിസിസി പ്രസിഡന്റ് തനിക്ക് അയച്ച സ്വകാര്യ കത്തെന്നു താന്‍ കരുതിയതിന്റെ ഉള്ളടക്കം ഇന്നത്തെ പത്രത്തില്‍ റിപ്പോര്‍ട്ടായി വന്നതില്‍ താന്‍ അത്ഭുതപ്പെട്ടു പോയെന്നായിരുന്നു ആ വാചകം.
എന്റെ ഇ-മെയ്ല്‍ മറുപടിയുടെ മുഴുവന്‍ ടെക്സ്റ്റും പങ്കിടാന്‍ വിവരം ചോര്‍ത്തിയ ആള്‍ക്ക് ദയവുണ്ടാകുമോ ? ഒരു മര്യാദയെന്ന നിലയ്ക്ക്….എന്നും തരൂര്‍ കുറിച്ചു.

ഇതിലൂടെ തരൂര്‍ ഉദ്ദേശിച്ചത് കെപിസിസി പ്രസിഡന്റായ മുല്ലപ്പിള്ളി രാമചന്ദ്രനെയാണ്. തരൂരിന് മുല്ലപ്പള്ളി അയച്ച കത്തിന്റെ ഉള്ളടക്കം എങ്ങനെയാണ് പത്രത്തില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ചത്. പത്രത്തിനു ചൊവ്വാഴ്ച കത്തിന്റെ ഉള്ളടക്കം ലഭിച്ചെന്നത് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. ബുധനാഴ്ച പ്രസിദ്ധീകരിച്ച പത്ര റിപ്പോര്‍ട്ടിലെ ഒരു വാചകം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ബുധനാഴ്ച തരൂരിനോട് വിശദീകരണം ആവശ്യപ്പെട്ടെന്നാണ്. എന്തായാലും ബുധനാഴ്ച ആവശ്യപ്പെട്ട കാര്യം ഒരിക്കലും ബുധനാഴ്ച പ്രസിദ്ധീകരിച്ച പത്രത്തില്‍ റിപ്പോര്‍ട്ട് വരില്ല. അത് സ്വാഭാവികമായും വ്യാഴാഴ്ച മാത്രമായിരിക്കും പ്രസിദ്ധീകരിക്കാന്‍ സാധിക്കുക. ഇതിലൂടെ വ്യക്തമായത് ചൊവ്വാഴ്ച പത്ര ഓഫീസുകളില്‍ കെപിസിസി പ്രസിഡന്റിന്റെ കത്തിന്റെ പകര്‍പ്പ് എത്തിയെന്നാണ്. വളരെ കോണ്‍ഫിഡന്‍ഷ്യലായി കരുതേണ്ടേ ഒരു കത്താണ് ഇത്. എന്നാല്‍ അതിന്റെ ഗൗരവം പാലിച്ചില്ലെന്നാണു പത്ര റിപ്പോര്‍ട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിലൂടെ തരൂര്‍ ഉയര്‍ത്തിക്കാണിച്ചത്.

Share this