Department of Education has issued guidelines

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: ഒരു മുറിയില്‍ പരമാവധി 20 പേര്‍

Top Stories

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയ്ക്ക് ഒരു മുറിയില്‍ ഇരിക്കാവുന്നത് 20 വിദ്യാര്‍ഥികള്‍ക്കാണെന്നു നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. 25ന് മുമ്പ് പരീക്ഷ ഹാളുകള്‍, അതിനുള്ളിലെ ഫര്‍ണീച്ചറുകള്‍, സ്‌കൂള്‍ പരിസരം എന്നിവ വൃത്തിയാക്കണമെന്നു നിര്‍ദേശമുണ്ട്. ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്‌സ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പിടിഎ എന്നിവയുടെ സഹായം പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

ഈ മാസം 26-നാണു പരീക്ഷ ആരംഭിക്കുന്നത്. 30 വരെ പരീക്ഷ ഉണ്ടാവും. 4.5 ലക്ഷം പേരാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. 9 ലക്ഷം പേര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതുന്നുണ്ട്. പരീക്ഷയ്ക്കു മുന്‍പും ശേഷവും വിദ്യാര്‍ഥികളെ കൂട്ടം ചേരാന്‍ അനുവദിക്കരുതെന്നു നിര്‍ദേശിച്ചു.

വിദ്യാര്‍ഥികള്‍ക്കു മാസ്‌ക് ലഭ്യമാക്കണമെന്നും അവ അനുയോജ്യമായ വിധത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. സാനിറ്റൈസറിന്റെയും സോപ്പിന്റെയും ഉപയോഗവും ഉറപ്പുവരുത്തണം. ഇതിന്റെ ചിലവിനുള്ള തുക പരീക്ഷാ ഫണ്ട് സ്‌പെഷ്യല്‍ ഫീ എക്കൗണ്ടില്‍നിന്നും ഉപയോഗിക്കാവുന്നതാണെന്നും നിര്‍ദേശമുണ്ട്.

പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ വീടുകളില്‍നിന്നും സ്‌കൂളുകളിലെത്തിക്കുകയും അവരെ തിരികെ വീടുകളിലെത്തിക്കുകയും ചെയ്യണമെന്നു നിര്‍ദേശമുണ്ട്. ഇതിനായി ഗതാഗത സൗകര്യം പ്രധാന അധ്യാപകന്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ അധ്യാപകരുടെ സഹായം തേടാവുന്നതാണ്.

Summary: SSLC, Plustwo exam maximum 20 students in a hall

Share this