കുതിച്ചുയര്‍ന്ന് സവാള വില; പിടിച്ചു കെട്ടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

Top Stories

തിരുവനന്തപുരം: കുതിച്ചുയരുന്ന സവാള വിലയെ പിടിച്ചു കെട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഫെഡ് മുഖേന സംസ്ഥാനത്ത് സവാള എത്തിക്കാനാണ് പുതിയ നീക്കം.

വ്യാഴാഴ്ചയോടെ നാഫെഡ് വഴി നാസിക്കില്‍ നിന്ന് സവാള എത്തിക്കും. 50 ടണ്‍ സവാളയാണ് ആദ്യ ഘട്ടത്തില്‍ എത്തിക്കുന്നത്. ഇത് സപ്ലൈകോ വഴി കിലോയ്ക്ക് 35 രൂപ നിരക്കില്‍ വില്‍ക്കാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ സവാള എത്തിക്കാനും ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നുണ്ട്.

നിലവില്‍ സംസ്ഥാനത്ത് 50 മുതല്‍ 65 രൂപ വരെയാണ് സവാള വില. കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ കനത്ത മഴകാരണം കൃഷി നാശമുണ്ടായതാണ് സവാളയുടെ വില ഉയരാന്‍ പ്രധാന കാരണമായത്. കൂടാതെ ഉത്സവകാലം മുന്നില്‍ക്കണ്ടുള്ള പൂഴ്ത്തിവയ്പ്പും വില വര്‍ധനവിനിടയാക്കി.

Share this