വഴിയില്‍ നിന്നും കിട്ടിയ ഐ ഫോണിന്റെ ഉടമയെ ബുദ്ധിപൂര്‍വ്വം കണ്ടെത്തിയ കഥ

Feature

നിങ്ങള്‍ക്ക് വഴിയില്‍ വച്ച് ഒരു ഐ ഫോണ്‍ കളഞ്ഞു കിട്ടിയാല്‍ എന്തു ചെയ്യും ?
അത് സ്വന്തമാക്കാന്‍ ശ്രമിക്കുമോ ? അതോ ഉടമയെ കണ്ടെത്താന്‍ ശ്രമിക്കുമോ ? പക്ഷേ, അങ്ങനെയാണെങ്കില്‍ ഉടമയെ എങ്ങനെ കണ്ടെത്തും ? ഐ ഫോണിന്റെ ഫങ്ഷനെ കുറിച്ചു യാതൊരു പിടിയുമില്ലാത്ത നമ്മള്‍ എങ്ങനെ അതിന്റെ ഉടമയെ കണ്ടെത്തും.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു യഥാര്‍ഥ സംഭവമാണിത്. കൊച്ചി നഗരത്തില്‍ ജോലി ചെയ്യുന്ന രണ്ട് യുവാക്കള്‍ രാവിലെ പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ ചായ കുടിക്കാനായി പുറത്തുള്ള കടയിലേക്ക് ഇറങ്ങി. നടന്നു പോകുന്ന വഴിയില്‍ അവര്‍ക്ക് ഒരു ഐ ഫോണ്‍ കളഞ്ഞു കിട്ടി. ഐ ഫോണ്‍ 6 മോഡലായിരുന്നെന്നു മനസിലാക്കുവാന്‍ സാധിച്ചു. ഫോണിന്റെ സൈഡിലുള്ള ബട്ടണ്‍ പ്രസ് ചെയ്ത് സ്‌ക്രീന്‍/ മോണിട്ടര്‍ ഓണ്‍ ചെയ്തു നോക്കിയപ്പോള്‍ അത് ലോക്ക് ചെയ്ത അവസ്ഥയിലായിരുന്നു. നമ്മള്‍ക്ക് എല്ലാവര്‍ക്കും അറിയാം പാസ്‌വേഡ് ലഭിച്ചാല്‍ മാത്രമാണു ഫോണ്‍ തുറക്കാന്‍ സാധിക്കുന്നത്. പ്രത്യേകിച്ച് ഐ ഫോണ്‍. അതിന് മറ്റ് ഫോണുകളെ അപേക്ഷിച്ചു സുരക്ഷാ സംവിധാനങ്ങള്‍ കൂടുതലുമാണ്.
ഫോണിന്റെ ഉടമയെ കണ്ടെത്തണമെങ്കില്‍ ഒന്നുകില്‍ ഫോണ്‍ തുറന്നതിനു ശേഷം അതിലുള്ള കോണ്‍ടാക്റ്റ് ലിസ്റ്റിലെ ഏതെങ്കിലുമൊരു നമ്പറില്‍ വിളിക്കണം. എന്നാല്‍ മാത്രമായിരിക്കും ഉടമയെ കണ്ടെത്താന്‍ സാധിക്കുന്നത്. പിന്നെയുള്ള വഴി പൊലീസില്‍ ഏല്‍പ്പിക്കുക എന്നതാണ്. അതുമല്ലെങ്കില്‍ ഉടമ തിരിച്ചു ഈ ഫോണിലേക്കു വിളിക്കണം.
ഏതായാലും യുവാക്കള്‍ സ്‌ക്രീന്‍ ഒന്നു കൂടി ഓണ്‍ ചെയ്തു. അതായത്, ഫോണിന്റെ സൈഡിലുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ സ്‌ക്രീന്‍ ലൈറ്റ് തെളിയുമല്ലോ. തുടര്‍ന്നു ഫോണിന്റെ ലോക്ക് തുറക്കാന്‍ പറ്റുമോ എന്നു നോക്കി പക്ഷേ നടന്നില്ല. എന്നാല്‍  ഉടമയ്ക്ക് വന്ന ഇ മെയ്‌ലിന്റെ ഒരുഭാഗം സ്‌ക്രീനില്‍ തെളിഞ്ഞിരിക്കുന്നത് യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ ഒരു സ്ത്രീയുടെ പേരാണ് കണ്ടതും.
നമ്മള്‍ ഇമെയ്ല്‍ ഫോണില്‍ ആക്‌സസ് ചെയ്തിട്ടുണ്ടെങ്കില്‍ നമ്മള്‍ക്ക് വരുന്ന ഏറ്റവും പുതിയ ഇമെയ്‌ലിന്റെ നോട്ടിഫിക്കേഷന്‍ ഫോണിന്റെ സ്‌ക്രിനീല്‍ തെളിയും.ഇത്തരത്തില്‍ ഈ ഫോണിലും തെളിഞ്ഞു. ഉടന്‍ യുവാക്കള്‍ ഈ പേര് ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്തു. അത്ഭുതമെന്നു പറയട്ടെ, സെര്‍ച്ച് ചെയ്ത യുവാവിന്റെ ഫേസ്ബുക്കിലുള്ള സുഹൃത്തിന്റെ സുഹൃത്താണ് ഈ സ്ത്രീയെന്നു കണ്ടെത്തി. മ്യൂച്ചല്‍ ഫ്രണ്ട്‌സായിട്ടാണ് കാണപ്പെട്ടത്. യുവാവ് ഉടന്‍ തന്നെ സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു. സുഹൃത്ത് സ്ത്രീയെയും വിളിച്ചു. അങ്ങനെ യഥാര്‍ഥ ഉടമയെ കണ്ടെത്തി. സ്ത്രീ ഫോണ്‍ നഷ്ടപ്പെട്ടതില്‍ ആശങ്കപ്പെട്ടിരിക്കുകയായിരുന്നു. പൊലീസില്‍ പരാതി പറയാന്‍ ഒരുങ്ങിയപ്പോഴാണ് സുഹൃത്ത് വിളിച്ചത്. പിന്നെ ഒട്ടും താമസിച്ചില്ല. സ്ത്രീ ഫോണ്‍ വഴിയില്‍നിന്നും ലഭിച്ച യുവാക്കളുടെ ഓഫീസിലേക്ക് എത്തി ഫോണ്‍ കൈപ്പറ്റി.

Share this