ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലെ 3 മലയാളികളെ മോചിപ്പിച്ചു

Top Stories

ന്യൂഡല്‍ഹി: ജൂലൈ നാലിന് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് ബ്രിട്ടന്റെ നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലായ ഗ്രേസ്-1 എന്ന കപ്പലില്‍ ഉണ്ടായിരുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള 24 ഇന്ത്യക്കാരെ മോചിപ്പിച്ചതായി ബ്രിട്ടനിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ട്വീറ്റ് ചെയ്തു.

കാസര്‍കോട് ഉദുമ നമ്പ്യാര്‍ കീച്ചില്‍ പൗര്‍ണമിയില്‍ പി. പുരുഷോത്തമന്റെ മകന്‍ തേര്‍ഡ് എന്‍ജിനീയര്‍ പി. പ്രജിത്ത്, മലപ്പുറം വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കിടുകിടുപ്പന്‍ വീട്ടില്‍ അബ്ബാസിന്റെ മകനായ ജൂനിയര്‍ ഓഫിസര്‍ കെ.കെ. അജ്മല്‍, ഗുരുവായൂര്‍ മമ്മിയൂര്‍ മുള്ളത്ത് ലൈനില്‍ ഓടാട്ട് രാജന്റെ മകന്‍ സെക്കന്‍ഡ് ഓഫിസര്‍ റെജിന്‍ എന്നിവരെയാണു മോചിപ്പിച്ചത്.

യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുകയാണെന്നു സംശയിച്ചാണ് ഇറാന്റെ കപ്പല്‍ ബ്രിട്ടന്റെ റോയല്‍ മറീനുകള്‍ പിടിച്ചെടുത്തത്. ഇതിനു പകരമായി ബ്രിട്ടന്റെ കപ്പലും ഇറാന്‍ പിടിച്ചെടുത്തിട്ടുണ്ട്. അതിലുമുണ്ട് മൂന്ന് മലയാളികള്‍.

 

Share this