കടത്തനാടന്‍ മണ്ണില്‍ കരുത്തരുടെ അങ്കം

Kerala

author

അങ്കത്തട്ടില്‍ പറന്നു വെട്ടാനും ഒഴിയാനും മിടുക്കരാണ് കടത്തനാട്ടുകാര്‍. അസാമാന്യ മെയ് വഴക്കം സിദ്ധിച്ച പോരാളികള്‍. തുളുനാടന്‍ കളരിയിലെ മെയ്പ്പയറ്റിനൊപ്പം ഉറുമിയും പൂഴിക്കടകനും ഒക്കെ ചേരുന്ന നേര്‍പ്പോരാട്ടം. സാമൂതിരിക്കരയുടെ വടക്ക് കേരപ്പുഴ മുതല്‍ മയ്യഴിപ്പുഴയുടെ തെക്ക് വരെ പാണന്‍മാരുടെ പാട്ടിനൊപ്പം ഓരോ വീരയോദ്ധാക്കളുടേയും കഥകള്‍ കേട്ടാണ് ഓരോ കടത്തുനാട്ടുകാരനും വളരുന്നത്.
രാഷ്ട്രീയ ഭൂമികയിലും കടത്തനാടിന് ചുവന്ന നിറമാണ്. കൊണ്ടും കൊടുത്തും മാത്രമേ ഇവിടെ പാര്‍ട്ടികള്‍ക്ക് ശീലമുള്ളൂ. ഇത്തവണ ഈ മണ്ണില്‍ വീണ്ടും ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പെത്തുമ്പോള്‍ അങ്കത്തട്ടില്‍ തീപാറുമെന്ന് ഉറപ്പായി. ചുറ്റിക അരിവാള്‍ നക്ഷത്ര ചിഹ്നത്തില്‍ വടകരയുടെ രാഷ്ട്രീയ മനസ് മനഃപാഠമാക്കിയ പി. ജയരാജനും ഭയം ലവലേശമില്ലാത്ത ഒറ്റയാന്‍ കെ. മുരളീധരന്‍ കൈപ്പത്തി ചിഹ്നത്തിലും എത്തുന്നു.
2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഇടത്തോട്ട് ചരിഞ്ഞ മണ്ഡലമായിരുന്നു വടകര. അവിടെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു ചാവേറിന്റെ സ്ഥാനമായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന ചോമ്പാലക്കാരന്‍ ജന്മനാട്ടില്‍ തിരിച്ചെത്തി അങ്കം കുറിച്ചപ്പോള്‍ കഥ മാറി. വലത്തോട്ട് പോയ മണ്ഡലം പിന്നെ ഇതുവരെ തിരിച്ചെത്തിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടില്ല.
ഇത്തവണ വിജയം എന്നതിലുപരി ഒരു പരീക്ഷണത്തിനും തയാറാകാതെയാണ് ഇടതുമുന്നണി വടകരയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. മറുവശത്ത് നിലവിലെ എംപി മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായതിനാല്‍ മത്സരത്തില്‍ നിന്നും മാറി. പകരം ഒരു കരുത്തനായി കോണ്‍ഗ്രസ് നടത്തിയ അന്വേഷണം സംഭവ ബഹുലവുമായി.
സീറ്റിനായി പോരടിക്കുന്ന ഒരാള്‍ക്കും വടകര പഥ്യമല്ലാതായി. മുല്ലപ്പള്ളിയെത്തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ ആലോചിക്കുന്നതിനിടയിലാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എയും മുന്‍ കെപിസിസി പ്രസിഡന്റും കോഴിക്കോട് മുന്‍ എംപിയുമായ കെ. മുരളീധരന്‍ സധൈര്യം വടകരയില്‍ പോരിന് സമ്മതം മൂളിയത്.
കേരള നിയമസഭയില്‍ വെറും ഒമ്പത് അംഗങ്ങളായി ചുരുങ്ങിയ കോണ്‍ഗ്രസിനെ നയിച്ച് കരുത്തുറ്റതാക്കിയ ലീഡര്‍ കെ. കരുണാകരന്റെ മകന് വെല്ലുവിളികളില്‍നിന്നും ഒളിച്ചോടാന്‍ എങ്ങനെ കഴിയും. ഉറച്ചു നിന്ന് പോരാടിയ അച്ഛന്റെ മകന് ധൈര്യശാലിയാകാതിരിക്കാന്‍ എങ്ങനെ കഴിയും. വടകരയിലെ പോരാട്ടത്തെ വ്യത്യസ്തമാക്കുന്നതും ഇത്തരം ചില ഘടകം തന്നെയായിരിക്കും.

1999 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വടകര മണ്ഡലത്തിലെ ഇടതുമുന്നണിയുടെ കണ്‍വീനറായിരുന്നു പി. ജയരാജന്‍. അക്കൊല്ലത്തെ ഓഗസ്റ്റ് 25-ലെ തിരുവോണ നാളില്‍ വീട്ടുമുറ്റത്ത് എതിരാളികളുടെ വെട്ടേറ്റ് വീണ ജയരാജന്‍ മരണത്തെ മുഖാമുഖം കണ്ടാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. അന്ന് ആശുപത്രിക്കിടക്കയിലും വടകര മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്ന ധൈര്യവും പോരാട്ട വീര്യവും ഇന്നും അദ്ദേഹത്തിനുണ്ട്. സിപിഎമ്മിന്റെ ഉരുക്ക് കോട്ടയായ കണ്ണൂരിലെ ജില്ലാ സെക്രട്ടറി പദത്തില്‍ നിന്നുമാണ് വടകരയിലെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനു ജയരാജന്‍ എത്തുന്നത്.
2001, 2006 കാലത്ത് കൂത്തുപറമ്പ് എംഎല്‍എയായിരുന്നു പി. ജയരാജന്‍. 2001 ല്‍ കെ. പ്രഭാകരനെ 18620 വോട്ടിനു പരാജയപ്പെടുത്തിയ പി.ജയരാജന്‍ 2006 ല്‍ 38327 എന്ന റെക്കാര്‍ഡ് ഭൂരിപക്ഷത്തിനാണു കോണ്‍ഗ്രസിലെ സജീവ് ജോസഫിനെ മറികടന്നത്. ആദ്യമായി പി.ജയരാജന്‍ ലോകസഭയിലേക്കു മത്സരിക്കുമ്പോള്‍ ജയം ഉറപ്പായതിനാല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം എം.വി. ജയരാജന് വിട്ടുനല്‍കിയിരിക്കുകയാണ്.
1989 ല്‍ കോഴിക്കോട് ലോകസഭ മണ്ഡലത്തില്‍ ഇ.കെ. ഇമ്പിച്ചിബാവയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ കെ. കരുണാകരന്റെ മകന്‍ എന്നതിലുരി വേറെ വിശേഷണങ്ങളൊന്നും കെ. മുരളീധരന് ഉണ്ടായിരുന്നില്ല. കന്നിയങ്കത്തില്‍ കരുത്തനായ ഇമ്പിച്ചിബാവയെ 28957 വോട്ടിന് പരാജയപ്പെടുത്തി തുടങ്ങിയ പാര്‍ലമെന്ററി പ്രവര്‍ത്തനം വട്ടിയൂര്‍ക്കാവ് എംഎല്‍എ വരെയെത്തി നില്‍ക്കുമ്പോള്‍ പക്വതയും പാകതയും വന്ന നേതാവായി മാറിക്കഴിഞ്ഞു കെ. മുരളീധരന്‍.
1991, 1999 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും കെ. മുരളീധരന്‍ കോഴിക്കോടിനെ ലോകസഭയില്‍ പ്രതിനിധീകരിച്ചു. എന്നാല്‍ 1996 ല്‍ കോഴിക്കോട്ടും 1998 ല്‍ തൃശൂരും 2009 ല്‍ വയനാട്ടിലും നിന്ന് ലോകസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. ഇടക്കാലത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷപദവിലെത്തിയ മുരളീധരന്‍ കരുണാകരനൊപ്പം ഡിഐസി എന്ന പാര്‍ട്ടിയുണ്ടാക്കി. കുറച്ചുകാലം കോണ്‍ഗ്രസിനു പുറത്തായിരുന്നു. പിന്നീട് എന്‍സിപിയില്‍ ചേക്കേറിയെങ്കിലും പിതാവിന്റെ മരണശേഷം മാതൃസംഘടനയില്‍ തിരിച്ചെത്തി.
2011, 2014 വര്‍ഷങ്ങളില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും നിയമസഭയിലുമെത്തി. ഇപ്പോള്‍ കെപിസിസി പ്രചാരണക്കമ്മറ്റി അദ്ധ്യക്ഷനാണ്.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കുറ്റ്യാടി, കൊയിലാണ്ടി, നാദാപുരം, വടകര, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ് നിയമസഭ മണ്ഡലങ്ങളാണു വടകര ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്നത്. ഇതില്‍ കുറ്റ്യാടി മാത്രമാണു യുഡിഎഫ് മണ്ഡലം.
ആദ്യകാലത്ത് സോഷ്യലിസ്റ്റുകളുടെ കുത്തക മണ്ഡലമായിരുന്നു വടകര. ഇന്നും ജനതാദള്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഏറ്റവും വേരുകളുള്ള പ്രദേശമാണ് ഇവിടം. 2009 ലും 2014 ലും ജനതാദള്ളിലെ ഒരു വിഭാഗം യുഡിഎഫിനൊപ്പമായിരുന്നതിനാലാണ് ഇവിടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ചതെന്ന് ഇടതു ക്യാമ്പ്. ഇത്തവണ സോഷ്യലിസ്റ്റ് ചേരി മുഴുവനായി ഇടതുപക്ഷത്തിനൊപ്പമായതാണു വടകരയില്‍ മത്സരിക്കുന്നതില്‍നിന്നും കോണ്‍ഗ്രസ് നേതാക്കളെ പിന്തിരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
1957 ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കെ.ബി. മേനോനായിരുന്നു വടകരയുടെ പ്രതിനിധി. 1962- എ.വി. രാഘവന്‍ (സ്വതന്ത്രന്‍), 1967 അരങ്ങില്‍ ശ്രീധരന്‍ (എസ്എസ്പി) എന്നിവര്‍ ലോകസഭയിലെത്തി. 1971 മുതല്‍ 1991 വരെ ആറ് തെരഞ്ഞെടുപ്പുകളില്‍ കെ.പി. ഉണ്ണികൃഷ്ണനെയാണു വടകര ലോകസഭയിലെത്തിച്ചത്. 1971 ലും 1977 ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ഉണ്ണികൃഷ്ണന്‍ 1980 മുതല്‍ 1991 വരെ ഇടതുപക്ഷത്ത് കോണ്‍ഗ്രസ് എസ് പ്രതിനിധിയായണ് ലോക്‌സഭയിലെത്തിയത്. 1996 ല്‍ തിരികെ കോണ്‍ഗ്രസിലെത്തിയ കെ.പി. ഉണ്ണികൃഷ്ണനെ സിപിഎമ്മിനെ ഒ. ഭരതന്‍ പരാജയപ്പെടുത്തി. 1998ലും 199ലും സിപിഎമ്മിലെ എ.കെ. പ്രേമജവും 2004 ല്‍ ഇപ്പോഴത്തെ എല്‍ഡിഎഫ് സ്ഥാനര്‍ത്ഥി പി. ജയരാജന്റെ സഹോദരി പി. സതീദേവിയും 2009 ലും 2014 ലും മുല്ലപ്പള്ളി രാമചന്ദ്രനും മണ്ഡലത്തെ ലോകസഭയില്‍ പ്രതിനിധീകരിച്ചു.
ഇത്തവണ വടകരയിലെ വിജയം ഇരുമുന്നണികള്‍ക്കും അഭിമാന പ്രശ്‌നമാണ്. ബിജെപി സ്ഥാനാര്‍ത്ഥി ആരാണെങ്കിലും പരമാവധി വോട്ട് നേടുന്നതിലപ്പുറം വിജയം സ്വപ്നം കാണുന്നുണ്ടാകില്ല. സിപിഎമ്മില്‍ നിന്നും പുറത്തുവന്ന ടി.പി ചന്ദ്രശേഖരനും കൂട്ടരും രൂപം നല്‍കിയ ആര്‍ എംപി ഇത്തവണ കോണ്‍ഗ്രസിനു പരിപൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. 2009ലും 2014 ലും യഥാക്രമം 21833, 17229 വോട്ടുകള്‍ അവര്‍ നേടിയിരുന്നു. കൊലപാതക രാഷ്ട്രീയ നേതൃത്വത്തിന് എതിരേയാണ് തങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യുന്നതെന്ന് ആര്‍എംപി പറയുന്നു.
1991ല്‍ കോണ്‍ഗ്രസും ബിജെപിയും ലീഗും ചേര്‍ന്ന കുപ്രസിദ്ധമായ കോ.ലീ.ബി സഖ്യത്തില്‍ എ. രത്‌നസിംഗിനെ മത്സരിപ്പിച്ച ചരിത്രമുള്ള വടകരയില്‍ ഇടതുമുന്നണി ഉയര്‍ത്തുന്ന നേരിന്റെ രാഷ്ട്രീയം വിജയം നേടുമെന്ന് ഇടത്ക്യാമ്പ്. ആക്രമണ രാഷ്ട്രീയമെന്ന ദുഷ്‌പേര് തങ്ങളെ വേട്ടയാടുവാന്‍ എതിരാളികള്‍ ഉപയോഗിക്കുമ്പോള്‍ അതേ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്ന് ഇടതുപക്ഷം പറയുന്നു. എന്നാല്‍ ആക്രമണ രാഷ്ട്രീയത്തിന്റെ ചോരക്കളിക്കെതിരേ ജനം വോട്ടുചെയ്യുമ്പോള്‍ വിജയം തങ്ങള്‍ക്കൊപ്പമെന്ന് യുഡിഎഫും പ്രത്യാശ പ്രകടിപ്പിക്കുന്നു. വടകര ആര്‍ക്കൊപ്പം നിന്നാലും ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ വടകരയിലെ ഇത്തവണത്തെപ്പോര് ചരിത്രത്തില്‍ ഇടംപിടിക്കുമെന്നതില്‍ സംശയമില്ല.

2014 ലെ തെരഞ്ഞെടുപ്പ് ഫലം

മുല്ലപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ്)- 4,16,479
എ.എന്‍. ഷംസീര്‍ (സിപിഎം)- 4,13,173
വി.കെ. സജീവന്‍ (ബി.ജെ.പി) 76,313
പി. കുമാരന്‍കുട്ടി (ആര്‍.എം.പി)- 17,229
പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ (എസ്.ഡി.പി.ഐ)- 15,058
അലി അക്ബര്‍ (ആം ആദ്മി)- 6,245
എ.പി. ഷംസീര്‍ (സ്വതന്ത്രന്‍)- 3,485
ശശീന്ദ്രന്‍ (ബി.എസ്.പി)- 2,150
ഷറഫുദ്ദീന്‍ (സ്വതന്ത്രന്‍)- 1,679
കെ. കുഞ്ഞിരാമന്‍ (സ്വതന്ത്രന്‍)- 731
എ.എം. സ്മിത (റെഡ്ഫ്‌ളാഗ്)- 693
നോട്ട- 6107.

Share this