ടി.ജെ. വിനോദും, മനു റോയിയും സെന്റ് പോള്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍

Feature

 

എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ.വിനോദും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയിയും ഒരു കാര്യത്തില്‍ സമാനതകള്‍ ഉള്ളവരാണ്. അത് ഇരുവരും കളമശേരി സെന്റ് പോള്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളാണെന്നതാണ്.

മനു റോയി കോളേജ് മാഗസിന്‍ എഡിറ്ററും, ജനറല്‍ സെക്രട്ടറിയും, വിനോദ് യൂണിയന്‍ ചെയര്‍മാനുമായിരുന്നു. മനു സെന്റ് പോള്‍സ് കോളേജിലെ ബിരുദ പഠന ശേഷം നിയമ ലോകത്തേയ്ക്ക് പ്രവേശിച്ചപ്പോള്‍, വിനോദ് മുഴുവന്‍സമയ രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചു. ബെംഗളുരു വിവേകാനന്ദ കോളേജില്‍നിന്നാണു മനു നിയമ ബിരുദം നേടിയത്. മുതിര്‍ന്ന അഭിഭാഷകന്‍ എസ്. ശ്രീകുമാറിനു കീഴിലായിരുന്നു പരിശീലനം. തേവരയില്‍ മനു റോയി അസോസിയേറ്റ്‌സ് സ്ഥാപിക്കുകയും ചെയ്തു.

ഹഡ്‌കോ കുടിവെള്ള പദ്ധതിക്കായ വെട്ടിപ്പൊളിച്ച നഗരത്തിലെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു മനു ഫയല്‍ ചെയത പൊതുതാല്‍പര്യ ഹര്‍ജിയില്‍ (public interest litigation) ഹൈക്കോടതി അതിവേഗ നടപടിക്കു നിര്‍ദേശിക്കുകയുണ്ടായി. കുമ്പളങ്ങിയിലേക്കു കുടിവെള്ളമെത്തിക്കാനുള്ള ശ്രമവും മനുവിന്റെ പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ഫലം കണ്ടു. മത്സ്യത്തൊഴിലാളി ഗ്രാമം ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ശൃംഖലയിലേക്ക് ആദ്യമായി കണ്ണി ചേര്‍ന്നത് അതോടെയാണ്. 2009 മുതല്‍ 2015 വരെയുള്ള കാലം ബാര്‍ അസോസിയേഷനില്‍ ലൈബ്രേറിയനും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ടിജെ വിനോദ് 24 വര്‍ഷമായി കൊച്ചി നഗരസഭയിലെ കൗണ്‍സിലറാണ്. കഴിഞ്ഞ ടേം മുതല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും വഹിക്കുന്നു. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ് എറണാകുളം ഡിസിസി പ്രസിഡന്റുമാണ്.

മനു റോയി കൊച്ചുകടവന്ത്രക്കാരനും, വിനോദ് തമ്മനം കാരനുമാണ്.ഇരുവരും വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമാവുകയും, മത്സരിക്കുകയും ചെയ്തിട്ടുള്ളവരാണ്.

 

Share this