ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദന്‍; മാമാങ്കത്തിലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment

കൊച്ചി: എം. പത്മകുമാറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെതായി പുറത്തു വരുന്ന പോസ്റ്ററുകള്‍ക്കും ഫോട്ടോകള്‍ക്കുമടക്കം വന്‍ പ്രേക്ഷക പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മാമാങ്കത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

 

ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനമായ ഇന്നലെ ‘ഞങ്ങളുടെ പ്രിയപ്പെട്ട ഉണ്ണിക്ക്, ഞങ്ങളുടെ ചന്ദ്രോത്ത് പണിക്കര്‍ക്ക് പിറന്നാളാശംസകള്‍’ എന്ന ക്യാപ്ഷനോടെയാണ് ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ചന്ദ്രോത്ത് പണിക്കര്‍’ എന്ന വീരയോദ്ധാവായാണ് മാമങ്കത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നത്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, അച്യുതന്‍ ബി.നായര്‍, പ്രാച്ചി തെഹ്ലാന്‍, അനു സിത്താര, കനിഹ, ഇനിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Share this