Fish market of varapuzha reopens

വരാപ്പുഴ മത്സ്യമാര്‍ക്കറ്റ് തുറന്നു

Business

വരാപ്പുഴ: വരാപ്പുഴ മത്സ്യമാര്‍ക്കറ്റ് തുറന്നു. ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു തുറന്നത്. മാര്‍ക്കറ്റ് തുറക്കണമെന്ന് മത്സ്യ വ്യാപാരികള്‍ പഞ്ചായത്തിനു മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നു ബുധനാഴ്ച ചേര്‍ന്ന വരാപ്പുഴ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണു മാര്‍ക്കറ്റ് തുറക്കാന്‍ അനുമതി നല്‍കിയത്.

കോവിഡ് 19 പ്രതിരോധ നിബന്ധനകളോടെയാണു തുറക്കാന്‍ അനുമതി നല്‍കിയത്. വരാപ്പുഴ മാര്‍ക്കറ്റ് മത്സ്യ വില്‍പ്പനയ്ക്കു പേരു കേട്ട സ്ഥലമാണ്. അതു കൊണ്ടു തന്നെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍നിന്നുമൊക്കെ നിരവധി പേര്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നു വ്യാപാരികള്‍ക്കു പഞ്ചായത്ത് സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തുറന്ന ദിവസം മാര്‍ക്കറ്റില്‍ സാമാന്യം തരക്കേടില്ലാത്ത കച്ചവടം നടന്നു. ചാള, ചെമ്മീന്‍, കരിമീന്‍, കണമ്പ്, പൊരിക്ക, പൂളാന്‍, പള്ളത്തി, പിലോപ്പി തുടങ്ങിയ മത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നു. ചാള കിലോ 180 രൂപയ്ക്കാണു വില്‍പ്പന നടന്നത്. ചെമ്മീന്‍ 140 രൂപ മുതല്‍ 250-300 രൂപ വരെ വിലയുള്ള ഇനത്തില്‍പ്പെട്ടവ വില്‍പ്പനയ്ക്കുണ്ടായിരുന്നു.

Summary: After an interval varapuzha fish market reopen.

Share this