സൗരാഷ്ട്രയ്‌ക്കെതിരായ വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ കേരളം പുറത്ത്

Sports

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയോട് മൂന്ന് വിക്കറ്റിന്റെ തോല്‍വി വഴങ്ങി കേരളം. മഴമൂലം 34 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സൗരാഷ്ട്ര ലക്ഷ്യം കണ്ടു. 85 പന്തില്‍ പുറത്താകാതെ 92 റണ്‍സ് നേടിയ അര്‍പിത് വാസവാദയുടെ ഇന്നിംഗ്‌സാണ് സൗരാഷ്ട്രയ്ക്ക് ജയമൊരുക്കിയത്. വാസവാദയാണ് മാന്‍ ഓഫ് ദ മാച്ച്.

കേരളത്തിന് വേണ്ടി സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, കെ.എം.ആസിഫ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഓപ്പണര്‍മാരായ വിനൂപ് മനോഹരനും (47), വിഷ്ണു വിനോദും (41) ചേര്‍ന്നാണ് കേരളത്തിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ആദ്യമായി കേരളത്തിന് വേണ്ടി പാഡണിഞ്ഞ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയ്ക്ക് അഞ്ച് റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. സഞ്ജു സാംസണ്‍ 16 റണ്‍സ് നേടി മടങ്ങി.

ഓപ്പണര്‍മാര്‍ 88 റണ്‍സിന്റെ തുടക്കം നല്‍കിയെങ്കിലും മധ്യനിരയ്ക്ക് ഇതു മുതലാക്കാനായില്ല. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് സ്‌കോര്‍ കുറച്ചു. 26 റണ്‍സ് നേടിയ സച്ചിന്‍ ബേബി പൊരുതിയെങ്കിലും സ്‌കോര്‍ 200 കടന്നില്ല. ഓപ്പണര്‍മാര്‍ ഏഴിലധികം റണ്‍സ് സ്‌കോര്‍ ചെയ്‌തെങ്കിലും ഇരുവരും അടുത്തടുത്ത് വീണതോടെ കേരളം പതുങ്ങി. സൗരാഷ്ട്രയ്ക്ക് വേണ്ടി നായകന്‍ ജയദേവ് ഉനാദ്കട്ട് രണ്ടു വിക്കറ്റ് വീഴ്ത്തി.

Share this