ബ്രസീല്‍ പഴയ ബ്രസീല്‍ അല്ല

Feature

author

‘എഡിസണ്‍ അരാന്റസ് ഡി നാസിമെന്റോ’ എന്ന താരം ബ്രസീലിയന്‍ ഫുട്‌ബോളിലെന്നല്ല കാല്‍പ്പന്തിന്റെ ആരവം ഉയരുന്ന ഏതൊരു ദേശത്തും കളിക്കമ്പക്കാരുടെ ആവേശമാണ്. പോര്‍ച്ചുഗല്‍ ചുവയുള്ള നീളന്‍ പേരില്‍ ഇദ്ദേഹത്തെ വിളിച്ചാല്‍ ലോകത്ത് ഒരുപക്ഷേ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ‘പെലെ’ എന്ന ചുരുക്കെഴുത്തില്‍ എല്ലാവരും അറിയും. 1958 ബ്രസീല്‍ ആദ്യ ലോകകപ്പില്‍ മുത്തമിടുമ്പോള്‍ അമരത്ത് അന്ന് 18 കാരനായിരുന്ന പെലെ ആയിരുന്നു. 1970 ബൂട്ട് അഴിക്കുമ്പോള്‍ ലോക ഫുട്‌ബോളില്‍ മായ്ക്കാനാകാത്ത വിജയപീഠത്തിലായിരുന്നു അദ്ദേഹം.

എഴുപതുകളുടെ തുടക്കം വരെ പെലെ ഇല്ലാത്ത ബ്രസീല്‍ ടീമിനെക്കുറിച്ച് സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല. എന്നാല്‍ ഇക്കാലത്തു തന്നെ പെലെയുടെ സജീവ സാന്നിദ്ധ്യമില്ലാതെ ബ്രസീല്‍ ഒരു ലോക കിരീടം ചൂടിയിട്ടുണ്ട്. 1962 ല്‍. പ്രാഥമിക റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം പെലെ പരുക്കേറ്റ് സൈഡ് ബഞ്ചിലേക്ക് മാറി. പെലെയില്ലാത്ത ബ്രസീലിനെ വരുതിയിലാക്കാമെന്ന് ടീമുകള്‍ കരുതി. എന്നാല്‍ ഗരിഞ്ച, വാവ, ഡിഡ, അമരില്‍ഡോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബ്രസീല്‍ ലോക കിരീടം ആധികാരികമായി തന്നെ നിലനിര്‍ത്തി. ചരിത്രം ഇവിടെ അവസാനിക്കുന്നില്ല. 2004 ലെ കോപ്പ അമേരിക്ക. പെറു ആതിഥേയരായ ടൂര്‍ണ്ണമെന്റില്‍ അര്‍ജന്റീനയും ഉറുഗ്വേയും ചിലെയുമെല്ലാം ഒന്നാംനിര ടീമിനെ കളത്തിലിറക്കി. എന്നാല്‍ ലോകചംപ്യന്‍മാരായിരുന്ന ബ്രസീല്‍ തങ്ങളുടെ രണ്ടാംനിരയെയാണ് കളത്തിലിറക്കിയത്.

ഒന്നാംനിരക്കാരായിരുന്ന റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, കാഫു, കക്ക എന്തിന് ഒന്നാം നമ്പര്‍ ഗോളി ദിഡ വരെ പുറത്ത്. അഡ്രിയാനോ, ജൂലിയസ് സീസര്‍, ഫാബിയോനോ, ബ്രസീല്‍ നായകന്‍ അലക്‌സ് അടക്കം പലരും സ്വന്തം രാജ്യത്ത് പോലും വലിയ പേരില്ലാത്തവര്‍. എന്നാലവര്‍ പേരുകേട്ട അര്‍ജന്റീനന്‍ നിരയെ ഫൈനലില്‍ തോല്‍പ്പിച്ച് കപ്പുയര്‍ത്തി.

അതായിരുന്നു ഒരുകാലത്ത് ബ്രസീല്‍. എന്നാല്‍ 2010 നു ശേഷം പഴയ പ്രപാപത്തിന്റെ നിഴല്‍ മാത്രമായിരുന്നു അവര്‍. കാനറികള്‍ അതിഥേയരായ 2014 ലോകകപ്പിന്റെ സെമിഫൈനലില്‍ സൂപ്പര്‍താരം നെയ്മര്‍ ഇല്ലാതിറങ്ങിയ ടീം മറുപടിയില്ലാത്ത ഏഴ് ഗോളിന് തോറ്റു. പിന്നീട് സ്വന്തം നാട്ടില്‍ 2016 ല്‍ നടന്ന ഒളിംപിക്‌സില്‍ കിരീടം ഉയര്‍ത്താന്‍ പ്രായ ഇളവ് അനുവദിച്ച് നെയ്മറെ കളത്തിലിറക്കി വിജയിച്ചു. ചുരുക്കത്തില്‍ ബ്രസീല്‍ മുന്നേറണമെങ്കില്‍ നെയ്മര്‍ നന്നായി കളിക്കണമെന്നതായിരുന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള ബ്രസീലിന്റെ അവസ്ഥ. കഴിഞ്ഞ ലോകകപ്പില്‍ ഇക്കാര്യം നന്നായി അറിയാവുന്ന ടീമുകള്‍ നെയ്മര്‍ക്ക് എതിരേ കെണി ഒരുക്കി. അതിലവര്‍ വിജയിക്കുകയും ചെയ്തു. തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ടീമില്‍ മാറ്റം വരുത്തിയെങ്കിലും മഞ്ഞക്കിളികളുടെ കോച്ച് ടിറ്റോയുടെ പ്രധാന ആയുധം നെയ്മര്‍ എന്ന 10 ആം നമ്പരുകാരന്‍ തന്നെയായിരുന്നു.

ഇത്തവണ കോപ്പ അമേരിക്ക ടൂര്‍ണ്ണമെന്റ് സ്വന്തം നാട്ടിലെത്തുമ്പോള്‍, 12 വര്‍ഷത്തിനു ശേഷം അതില്‍ മുത്തമിടാന്‍ നെയ്മറുടെ കാലുകളെ ആണ് ബ്രസീലുകാര്‍ വിശ്വസിച്ചത്. എന്നാല്‍ ടൂര്‍ണ്ണമെന്റിന് തിരശീല ഉയരും മുമ്പേ നെയ്മര്‍ പരുക്കേറ്റ് ടീമുനു പുറത്തായി. അതോടെ ബ്രസീലിയന്‍ സ്വപ്നങ്ങള്‍ ഏതാണ്ട് പാതി അവസാനിച്ചിരുന്നു. മെസി നയിക്കുന്ന അര്‍ജന്റീനയും ഫല്‍ക്കാവോയും ജെയിംസും നയിക്കുന്ന കൊളംബിയയും സുവാരസും കവാനിയും മുന്നില്‍ നിന്ന് ഉറുഗ്വേയും ചിലെയുമെല്ലാം ബ്രസീലിനെ ചതച്ചരക്കാന്‍ കാത്തിരുന്നു. എന്നാല്‍ 2019 ല്‍ പഴയ പ്രതാപത്തിലേക്ക് ഒരു തിരിച്ചു പോക്കിനാണ് കാനറികള്‍ തയ്യാറെടുത്തത്.

നെയ്മറുടെ നിഴയില്‍ നില്‍ക്കുന്നവരല്ല തങ്ങളെന്ന് അവര്‍ തെളിയിച്ചു. നായകന്‍ ഡാനി ആല്‍വ്‌സ്, ഗബ്രിയേല്‍ ജീസസ്, അലിസണ്‍, തിയാഗോ സില്‍വ, കാസമിറോ, കുട്ടിഞ്ഞോ, ഫെര്‍മിനോ എന്നിവരെല്ലാം പ്രതിഭയ്‌ക്കൊത്ത് ഉയര്‍ന്നു. നെയ്മര്‍ക്ക് പകരമെത്തിയ വില്ല്യന്‍ പോലും കളത്തില്‍ ഇടിമുഴക്കമായി ഒടുവില്‍ പെറുവിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് മറികടന്ന് കോപ്പയില്‍ 12 വര്‍ഷത്തിനു ശേഷം കിരീട നേട്ടം. യുവതാരങ്ങള്‍ ധാരാളമുള്ള ബ്രസീല്‍ നിര 2022 ലെ ലോകകപ്പിലേക്കുള്ള ഡ്രസ് റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കിയെന്ന് പറയുന്നതാകും ശരി. ഇനി നെയ്മര്‍ തിരികെ എത്തുമ്പോള്‍ ആ മൂര്‍ച്ചയേറിയ ആയുധത്തിനൊപ്പം ഒന്നിലധികം അപകട താരങ്ങള്‍ക്കൂടി മഞ്ഞപ്പടയുടെ അക്കൌണ്ടിലുണ്ടെന്ന് ലോകത്തെ അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

മുന്നേറ്റത്തിനൊപ്പം ശക്തമായ പ്രതിരോധവും ബ്രസീലിന് കരുത്താണ്. പെലെ, ഗരിഞ്ച, വാവ, ഡിഡ എന്നിവരുടെ അറുപതുകളും സോക്രട്ടീസും സീക്കോയും കരേക്കയും വാണ എണ്‍പതുകളും റൊമാരിയോ, ബെബാറ്റോ, ദുംഗ, റൊണാള്‍ഡോ, റിവാള്‍ഡോമാരുടെ തൊണ്ണൂറുകളും റൊണാള്‍ഡീഞ്ഞോ, റൊബീഞ്ഞോ, കാക്കമാരുടെ 21 ആം നൂറ്റാണ്ടിന്റെ ആദ്യ ദശകവും എല്ലാം ബ്രസീലിന് ഇത്ര കെട്ടുറപ്പുള്ള പ്രതിരോധം ഉണ്ടായിരുന്നില്ല. താരതമ്യേന ശരാശരിക്കാരനായിരുന്ന ടെഫറേലിനെ മൂന്ന് ലോകകപ്പ് കളിപ്പിച്ചതു തന്നെ അവരുടെ പ്രതിരോധത്തിന്റെ പോരായ്മ മൂലമായിരുന്നു. എത്ര ഗോള്‍ വഴങ്ങിയാലും മധ്യ-മുന്നേറ്റ നിരകള്‍ അതു മറികടക്കുന്നതായിരുന്നു ബ്രസീലിയന്‍ ശൈലി.
ഇത്തവണ ബ്രസീല്‍ മാറിയത് ഇക്കാര്യത്തിലാണ്. ഫൈനലില്‍ പെറുവിന്റെ നായകന്‍ പൗലോ ഗ്യൂറെയ്‌റോ പെനാലിറ്റില്‍ ഒരു ഗോള്‍ നേടുന്നതുവരെ നിശ്ചിത സമയത്ത് ബ്രസീലിയന്‍ ഗോളി അലിസനെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അത്ര കടുപ്പമായിരുന്നു അവര്‍. മധ്യനിരയും മുന്നേറ്റവും ഒരു പോലെ പന്തിണക്കം കാണിച്ചു. ഒരു താരത്തെ ആശ്രയിക്കാതെ പരമാവധി ഗോള്‍ സാധ്യതയുള്ളവര്‍ക്ക് പന്ത് എത്തിക്കുക എന്ന തന്ത്രമാണ് ബ്രസീല്‍ പയറ്റിയത്. 13 ഗോളുകളാണ് അവര്‍ 6 മത്സരങ്ങളില്‍ നിന്നും കണ്ടെത്തിയത്. ഇതില്‍ മൂന്ന് ഗോള്‍ നേടിയ എവര്‍ട്ടന്‍, രണ്ട് ഗോളുകള്‍ വീതം നേടിയ ഗബ്രിയേല്‍ ജീസസ്, ഫിലിപ്പെ കുട്ടിഞ്ഞോ, റോബര്‍ട്ടോ ഫെര്‍മിനോ എന്നിവര്‍ എതിരാളികള്‍ക്ക് ഒരു പോലെ തലവേദനയായി. കിട്ടിയ അവസരത്തില്‍ പിന്നില്‍ നിന്നും മുന്നിലെത്തി നായകന്‍ ഡാനി ആല്‍വ്‌സ്, കിട്ടിയ അവസരത്തില്‍ പകരക്കാരായി ഇറങ്ങിയ റിച്ചാര്‍ഡ്‌സ്, വില്ല്യന്‍ കൂടെ കാസ്മീറോയും ബ്രസീലിനായി ഗോളുകള്‍ കണ്ടെത്തി.

ബ്രസീലിനെക്കാള്‍ മികച്ച മുന്നേറ്റ നിരയുമായെത്തിയ അര്‍ജന്റീനയെ ടൂര്‍ണ്ണമെന്റില്‍ പരാജയത്തിലേക്ക് നയിച്ചതും മികച്ച പ്രതിരോധത്തിന്റെ അഭാവമായിരുന്നു. ആക്രമണത്തിനു ശേഷം കൂട്ടായെത്തി പ്രതിരോധിക്കേണ്ട അവസ്ഥ. സ്ഥിരം കേള്‍ക്കുന്ന പഴി ആവര്‍ത്തിച്ച് രാജ്യാന്തര മത്സരങ്ങളില്‍ മെസി വീണ്ടും പരാജയമായപ്പോള്‍ അവര്‍ കോപ്പയിലെ ദുരന്ത നായകരായി. എങ്കിലും മൂന്നാംസ്ഥാനം അവര്‍ക്ക് തെല്ലെരാശ്വാസമാണ്.

ബ്രസീല്‍ എന്ന ടീമിന്റെ 2022 ലോകകപ്പിലേക്കുള്ള പ്രയാണം കിരീടത്തിലേക്കാണെന്ന സൂചനയാണ് ഇത്തവണത്തെ കോപ്പ നല്‍കുന്നത്. ബ്രസീലിലെ ഇടുങ്ങിയ തെരുവുകളില്‍ തുണിപ്പന്തിലും കുപ്പികളിലും പന്തടക്കവും പാസിങ് മികവും മെയ് വഴക്കവും അഭ്യസിക്കുന്ന ഒരു തലമുറ കാല്‍പ്പന്തില്‍ ഉറവവറ്റാത്ത അവരുടെ പാരമ്പര്യത്തിന്റെ കാവല്‍ക്കാരാണ്. ഇവരില്‍ പലരും ചിലപ്പോള്‍ 2022 നു മുമ്പ് ലോകകപ്പ് സ്‌ക്വാഡില്‍ വരെയെത്താം. ഇന്നത്തെ പലരും ഒഴിവായെന്നും വരാം. കാരണം ഇത് ബ്രസീലാണ്. കാല്‍പ്പന്തിനെ നെഞ്ചേറ്റിയ കാനറികളുടെ സ്വന്തം നാട്. ഒരു കാര്യം ഉറപ്പിക്കാം ഖത്തറിലെ മണല്‍ക്കാറ്റിനും ചൂടിനും മഞ്ഞക്കിളികളുടെ മുന്നില്‍ തടസം സൃഷ്ടിക്കുക അത്ര എളുപ്പമല്ല. അത് മനസിലാക്കി മറു തന്ത്രങ്ങളുമായെത്തുവാന്‍ മറ്റുള്ള രാജ്യങ്ങള്‍ കാത്തിരിക്കുന്നു.
കാല്‍പ്പന്തിലെ അടവുകളൊന്നൊഴിയാതെ കാലിലേക്ക് ആവഹിച്ച് വീണ്ടും മഞ്ഞക്കിളികള്‍ ബൂട്ട്‌കെട്ടുമ്പോള്‍ നെയ്മര്‍ എന്ന ലക്ഷണമൊത്ത കൊമ്പനൊപ്പം തൃശൂര്‍ പൂരത്തിന്റെ തെക്കോട്ടിറക്കത്തിന് പാറ്റാനകളായി എത്തുന്ന 14 ഗജവീരന്‍മാരെ പോലെ 10 ശൂരന്‍മാരും ഉണ്ടാകുമെന്നുറപ്പ്. സൂക്ഷിക്കുക. പാരമ്പര്യത്തിന്റെ പോരാട്ട വീര്യത്തിലേക്ക് തിരികെ നടക്കുന്ന പഴയ ബ്രസീലാണവര്‍.

Share this