കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യം യാഥാര്‍ഥ്യമാകുമോ ?

Feature

jj

 

ഡക്കാന്‍പീഠ ഭൂമിയുടെ തെക്കന്‍ പ്രദേശങ്ങള്‍ പരുത്തികൃഷിക്ക് അനുയോജ്യമായ കറുത്ത മണ്ണാല്‍ സമ്പന്നമാണ്. ഫലഫൂഷ്ടമായ ഈ പീഠഭൂമിയില്‍ രാഷ്ട്രീയ അധികാരത്തിന്റെ ചെങ്കോല്‍ ഉറപ്പിച്ച മൈസൂര്‍ പുലി ടിപ്പു സുല്‍ത്താന്റെയും വടയാര്‍ രാജവംശത്തിന്റെയും പടയോട്ടങ്ങള്‍ ഏറെ കണ്ട കന്നട നാട്. സ്വര്‍ണ്ണഖനിയുടെ കോലാര്‍, ഖനി വ്യവസായത്തിനു പുകഴ്‌പെറ്റ ബല്ലാരി, വിവരസാങ്കേതിക വിദ്യയുടെ ഇന്ത്യന്‍ തലസ്ഥാനം ബംഗലൂരു, കാപ്പികൃഷിക്കാരുടെ പ്രിയപ്പെട്ട കൂര്‍ഗ്, കുടജാദ്രിയുടെ ശീതളിമയില്‍ മംഗലാപുരം, സുല്‍ത്താന്റെ പേരില്‍ പുകഴ്‌പെറ്റ ബിജാപൂര്‍, ഷിമോഗ, ഹസ്സന്‍ ഇവയെല്ലാം ചേര്‍ന്ന ഇന്നത്തെ കര്‍ണ്ണാടകം.
ദേശീയ രാഷ്ട്രീയത്തില്‍ ഒട്ടേറെ പ്രമുഖ നേതാക്കളെ ലോകസഭയിലെത്തിച്ച പാരമ്പര്യമുണ്ട് കര്‍ണ്ണാടകത്തിന്. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, ദേവെ ഗൗഡ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി അടക്കം പല പ്രമുഖരും കര്‍ണ്ണാടകത്തില്‍ നിന്നു ലോകസഭയിലെത്തിയവരാണ്. ഒരു കാലത്ത് കോണ്‍ഗ്രസ് കുത്തക സംസ്ഥാനമായിരുന്നു. എന്നാല്‍ എണ്‍പതുകളുടെ അവസാനത്തില്‍ ജനതാദള്‍ സംസ്ഥാനത്ത് നിര്‍ണ്ണായക സ്വാധീന ശക്തിയായി. കഴിഞ്ഞ കുറേ വര്‍ഷമായി ബിജെപി നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നു. ദക്ഷിണ ഇന്ത്യയില്‍ അവര്‍ അധികാരത്തിലെത്തിയിട്ടുള്ള എക സംസ്ഥാനവും കര്‍ണ്ണാടകയാണ്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ 28 ല്‍ 17 സീറ്റ് കരസ്ഥമാക്കിയ ബിജെപി വന്‍ മുന്നേറ്റമാണുണ്ടാക്കിയത്. അതിന്റെ അലയടിയെന്നോണം 2018 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 44 ല്‍ നിന്നും 104 ലേക്ക് സീറ്റ് അവര്‍ വര്‍ദ്ധിപ്പിച്ചെങ്കിലും അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ് പൊതുശത്രുവിനെതിരേ ഇലക്ഷനു ശേഷം കൈകോര്‍ത്ത് ജനതാദളിലെ എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രി പദത്തിലെത്തിച്ച രാഷ്ട്രീയ പരീക്ഷണത്തോട് ജനം എങ്ങനെ പ്രതികരിക്കുന്ന എന്നതിന്റെ കൂടി വിലയിരുത്തലാകും ഇത്തവണത്തെ ലോകസഭ തെരഞ്ഞെടുപ്പ്.
മൈസൂര്‍ അടക്കം തെക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിനുള്ള സ്വാധീനവും ഹസ്സനിലും മാണ്ഡ്യയിലും ജനതാദളിനുള്ള മേല്‍കൈയ്യും ഇരുപാര്‍ട്ടികളും ഒന്നിച്ച് ലോകസഭ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തെക്കന്‍ കര്‍ണ്ണാടകത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. മുന്‍ പ്രധാനമന്ത്രി ദേവെ ഗൗഡ, കോണ്‍ഗ്രസ് നേതാക്കളായ വീരപ്പമൊയലി, കെ.എച്ച്. മുനിയപ്പ, ബിജെപി നേതാവ് സദാനന്ദഗൗഡ തുടങ്ങിയ പ്രമുഖര്‍ ഇത്തവണ ഇവിടെ നിന്നും ലോകസഭയിലേക്ക് ജനവിധി തേടുമെന്ന കരുതുന്നു.
മധ്യകര്‍ണ്ണാടകത്തിലെ സ്വാധീനമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഉത്തര കര്‍ണ്ണാടകത്തിലും അവര്‍ നേട്ടം പ്രതീക്ഷിക്കുന്നു. എന്നാല്‍ മഹാരാഷ്ട്ര, തെലുങ്കാന, ഗോവ അതിര്‍ത്തി ജില്ലകളില്‍ കോണ്‍ഗ്രസ്- ദള്‍ സഖ്യം യാഥാര്‍ത്ഥ്യമായാല്‍ ബിജെപിക്ക് അത് കനത്ത തിരിച്ചടി സമ്മാനിക്കും.

Share this